തിരുവനന്തപുരം: ആർഎസ്എസ് സൈദ്ധാന്തികൻ ടി. ജി. മോഹൻദാസിന്റെ വിവാദ പരാമർശത്തിൽ അന്വേഷണത്തിന് നിർദേശം നൽകി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പരാതിയിൽ വിശദമായ അന്വേഷണം നടത്താൻ സൈബർ സെൽ ഐ.ജി പി. പ്രകാശിനെ ചുമതലപ്പെടുത്തി.
എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്മോൻ നൽകിയ പരാതിയിലാണ് ആഭ്യന്തരവകുപ്പ് ഉടനടി അന്വേഷണത്തിന് നിർദേശം നൽകിയത്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ഡൽഹി ജന്തർ മന്തറിൽ പ്രക്ഷോഭം നടത്തിയ വിദ്യാർത്ഥികളെയും യുവജനങ്ങളെയും അധിക്ഷേപിച്ചുകൊണ്ടായിരുന്നു ടി. ജി. മോഹൻദാസിന്റെ പ്രതികരണം.
ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർത്ഥികളെ വെടിവച്ചുകൊല്ലണമെന്നായിരുന്നു ടിജി മോഹൻദാസിന്റെ പ്രതികരണം. പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ച് ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ട ശേഷം വെടിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. സമരക്കാരെ ക്രിമിനലുകളെന്നും അക്രമികളെന്നും വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു.
വീഡിയോക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പരാമർശത്തിൽ നടപടി ആവശ്യപ്പെട്ട് എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം. എ. നന്ദനും ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.